Tuesday, September 8, 2009

ആദരാഞ്ജലികള്‍


സര്‍വശിക്ഷാ അഭിയാന്‍ പ്രോജക്ട്‌ ഡയറക്ടര്‍ ഡോ. ബി.വിജയകുമാര്‍ (60) അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന്‌ ഏതാനും ദിവസങ്ങളായി ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു. കാലടി ദേവീനഗറിലുള്ള വീട്ടിലായിരുന്നു താമസം. രസതന്ത്രത്തിലും എഡ്യൂക്കേഷനിലും ഡോക്ടറേറ്റ്‌ നേടിയ വിജയകുമാര്‍ മൂന്ന്‌ ദശാബ്ദമായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത്‌. എസ്‌.സി.ഇ.ആര്‍.ടി., സംസ്ഥാന ഓപ്പണ്‍ സ്‌കൂള്‍, സീമാറ്റ്‌ എന്നിവയുടെ സ്ഥാപക ഡയറക്ടര്‍, കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരള സര്‍വകലാശാലയുടെ അക്കാദമിക സ്റ്റാഫ്‌ കോളേജിലും പ്രവര്‍ത്തിച്ചിരുന്നു. തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരുവര്‍ഷം നഷ്ടമാകുന്നത്‌ ഒഴിവാക്കാന്‍ ആരംഭിച്ച 'സേ പരീക്ഷ'യുടെയും കേരള സര്‍വകലാശാല കോംപീറ്റന്‍സി ട്രെയിനിങ്‌ കോളേജിന്റെയും ഉപജ്ഞാതാവാണ്‌. എന്‍.സി.ടി.ഇ. ദക്ഷിണമേഖലാ കമ്മിറ്റി, യു.ജി.സി യുടെ വിവിധ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 2005 ല്‍ കേരള സര്‍വകലാശാലയ്‌ക്ക്‌ യുനെസ്‌കോ അവാര്‍ഡ്‌ ലഭിച്ചത്‌ വിജയകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു. 2006 ല്‍ മെറിറ്റോറിയസ്‌ സര്‍വീസ്‌ എന്‍ട്രി ലഭിച്ചു. നെയ്യാറ്റിന്‍കരയില്‍ പരേതനായ 'രാജിശ്രീ' പത്രാധിപര്‍ ആര്‍.ഭാസ്‌കര പിള്ളയുടെയും രുക്‌മണി അമ്മയുടെയും മകനാണ്‌. ഭാര്യ: സുശീലാകുമാരി. മക്കള്‍: സജിത, ഡോ. അനിത, രുഗ്‌മ. മരുമക്കള്‍: സുരേഷ്‌ബാബു (എല്‍.ഐ.സി. ഡവലപ്‌മെന്റ്‌ ഓഫീസര്‍, ഒറ്റപ്പാലം), ശ്രേയസ്‌ (അഡ്വക്കേറ്റ്‌, പെരിങ്ങളം, തൃശ്ശൂര്‍), പത്മകുമാര്‍ (അഡ്വക്കേറ്റ്‌, കൊല്ലം). ശവസംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 9.30ന്‌ തൈക്കാട്‌ ശാന്തികവാടത്തില്‍. എസ്‌.എസ്‌.എ. സ്റ്റേറ്റ്‌ പ്രോജക്ട്‌ ഡയറക്ടര്‍ ഡോ. ബി.വിജയകുമാറിന്റെ നിര്യാണത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി അനുശോചിച്ചു. എസ്‌.എസ്‌.എ. പ്രവര്‍ത്തനം ചടുലമാക്കി കാര്യക്ഷമമാക്കാനും അപ്പര്‍ പ്രൈമറി മേഖലയില്‍ എസ്‌.എസ്‌.എ യെ ദേശീയതലത്തില്‍ ഒന്നാംസ്ഥാനത്തേക്ക്‌ ഉയര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ഡോ. വിജയകുമാറിന്‌ കഴിഞ്ഞതായി മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

No comments:

Post a Comment